
ദോഹ:ആഗോളതലത്തിൽ ശ്രദ്ധേയമായ ന്യൂയോർക്ക് ഫെസ്റ്റിവൽസ് ടിവി & ഫിലിം അവാർഡിൽ (New York Festivals TV & Film Awards 2026) ഉന്നത പുരസ്കാരമായ 'ഗോൾഡ് ടവർ അവാർഡ്' സ്വന്തമാക്കി വിസിറ്റ് ഖത്തർ. കോർപ്പറേറ്റ് ഇമേജ് ഡിവിഷന് കീഴിലെ ടൂറിസം വിഭാഗത്തിലാണ് വിസിറ്റ് ഖത്തറിന്റെ ആഗോള പ്രചാരണ കാമ്പെയ്ൻ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര വിന്നേഴ്സ് ഗാലറിയിലും ഈ കാമ്പെയ്ൻ ഇടംപിടിച്ചു.
ഖത്തറിലെ ലോകോത്തര സാംസ്കാരിക, കായിക, വിനോദ പരിപാടികളുടെ വൈവിധ്യമാർന്ന കലണ്ടർ ദൃശ്യവൽക്കരിച്ചുകൊണ്ട് 2025 നവംബറിലാണ് വിസിറ്റ് ഖത്തർ ഈ വിജയകരമായ കാമ്പെയ്ൻ ആരംഭിച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ ടെർമിനലിന്റെ പശ്ചാത്തലത്തിൽ, സിനിമാറ്റിക് ശൈലിയിലുള്ള ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് ഖത്തറിലെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളെ ഇതിൽ പരിചയപ്പെടുത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ താരങ്ങളും ഈ കാമ്പെയ്ന്റെ ഭാഗമായി അണിനിരന്നിരുന്നു.2025 നവംബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ജി.സി.സി രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യാ പെസിഫിക്, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 15 പ്രമുഖ വിപണികളിലാണ് ഈ കാമ്പെയ്ൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, കണക്റ്റഡ് ടിവി, മറ്റ് പ്രമുഖ ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവ വഴി വൻതോതിലുള്ള പരസ്യ പ്രചാരണമാണ് ഇതിനായി നടത്തിയത്.
ടെലിവിഷൻ, സിനിമ, ബ്രാൻഡഡ് ഉള്ളടക്കങ്ങൾ എന്നിവയിലെ മികച്ച കഥാവിഷ്‌കാരങ്ങളെയും ക്രിയേറ്റീവ് ആശയങ്ങളെയും ആദരിക്കുന്നതിനായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള പുരസ്കാരമാണ് ന്യൂയോർക്ക് ഫെസ്റ്റിവൽസ് അവാർഡ്. മികച്ച ആഗോള കാമ്പെയ്നുകളിലൂടെ ഖത്തറിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയർത്താനും, രാജ്യത്തെ മുൻനിര ടൂറിസം കേന്ദ്രമായി നിലനിർത്താനുമുള്ള വിസിറ്റ് ഖത്തറിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ് ഈ സുവർണ്ണ പുരസ്കാരം.










